ഇടുക്കി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കെ.എ. തുളസി. പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രവര്‍ത്തനത്തിലെ വീഴ്ച മൂലമോ ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവ് മൂലമോ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നഷ്ടമാകുന്നത് അനുവദിക്കാനാകില്ല. വീട്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകാത്ത നിരവധി പേര് ഇനിയും നാട്ടിലുണ്ട്. വകുപ്പുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആദിവാസി മേഖലകളില്‍ കുടിവെള്ളം ലഭ്യമല്ലാത്ത വീടുകളില്‍ ഉടന്‍ കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മറയൂര്‍ പഞ്ചായത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ട്രൈബല്‍ മ്യൂസിയം കെട്ടിടം പട്ടികവര്‍ഗ വികസന വകുപ്പ് ഏറ്റെടുത്ത് മാതൃകാ പദ്ധതിയായി വികസിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.
റോയി കെ.പൗലോസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭാഗക്കാര്‍ക്കു നേരേയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം നഷ്ടപരിഹാരമായി ഈ വര്‍ഷം 20 പേര്‍ക്ക് 20 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ എഫ്. രാജ, സേനാപതി വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഡി. ധര്‍മലശ്രീ, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന് പ്രേംരാജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെട്ടിമുടി-ഇഡ്ഡലിപ്പാറ റോഡ് 45 ദിവസത്തിനകം പൂര്‍ത്തീകരിക്കണം
ഇടുക്കി: ഇടമലക്കുടിയിലെ റോഡ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി കെ.എ. തുളസിയുടെ നിര്‍ദേശം. 45 ദിവസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി.
വനം വകുപ്പ് മുഖേന നിര്‍മിച്ച് നല്കിയ 58 വീടുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഈ വീടുകള്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കും. ഭക്ഷ്യധാന്യം സംഭരിക്കുന്നതിനുള്ള ഗോഡൗണിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കകം കെട്ടിടം നമ്പറിട്ട് സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്കി. ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് പ്രദേശത്തെ വൈദ്യുതീകരണജോലികള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശിച്ചു. നിലവില്‍ ഇവിടെ ടവറുകളുണ്ടെങ്കിലും സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാഗികമായി മാത്രമേ കവറേജ് ലഭിക്കുന്നുള്ളു.
വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്കി. കെഎസ്ഇബിയുടെ കേബിളുകള്‍ തകരാറിലായതുമായി ബന്ധപ്പെട്ട പരിശോധന ഏകോപിപ്പിക്കാന്‍ അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി. കുടിവെള്ളലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജൽ ജീവന് മിഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.